എല്ലാ നാട്ടിലും സിനിമാക്കാരുണ്ട്, പലർക്കും ആരാധകരുണ്ട്. പരിഷ്കൃത രാജ്യങ്ങളിലെ സിനിമാ സംസ്കാരം നോക്കാം. അവരെല്ലാം തൊഴിൽ എന്ന നിലയിലും വ്യവസായം എന്ന നിലയിലും മാത്രമാണ് സിനിമയെ കാണുന്നത്. അതിൻ്റെ സാങ്കേതികതയും സാധ്യതകളും ഉപയോഗിച്ച് അവർ തൊഴിൽ ചെയ്യുന്നു, അവരാരും അതിൻ്റെ പേരിൽ മതമോ രാഷ്ട്രീയമോ പ്രചരിപ്പിക്കാനും കള്ളും പെണ്ണും മയക്കുമരുന്നും കള്ളപ്പണവും മതപ്രചരണവും തീവ്രവാദവും നടത്താറില്ല. എന്നാൽ കേരളത്തിലെയും ഇന്ത്യയിലേയും സിനിമകൾ ഉണ്ടാകുന്നത് തന്നെ മനുഷ്യരുടെ അധമ വികാരങ്ങളെ ഉത്തേജിപ്പിച്ച് പണം സമ്പാദിക്കുകയും അടിമകളെ സൃഷ്ടിക്കുകയും അവരുടെ സംഘടിത ശക്തി ഉപയോഗിച്ച് ജാതിമത രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ താരരാജാക്കൻമാരും ഗ്ലാമർ റാണിമാരും ഒക്കെയായി വിലസുക എന്ന ലക്ഷ്യം വച്ചാണ്. സ്വന്തം ചേട്ടനെ, ചേട്ടായീ എന്ന് സ്നേഹത്തോടെയും ബഹുമാനത്തോടെയും നീട്ടി വിളിക്കാത്തവനൊക്കെ ലാലേട്ടാ, മമ്മുക്കാ എന്നൊക്കെ വിളിക്കുന്നത് നോക്കിയാൽ പുച്ഛം കടവായിലൂടെ ഒലിച്ചിറങ്ങി, സഹിക്കാനാവാതെ കാർക്കിച്ച് തുപ്പാൻ തോന്നും. താരക്കുപ്പായം ഇട്ടവരെ ഈ കേരളത്തിലും ഇന്ത്യയിലും ഒഴികെ ലോകത്ത് ഒരിടത്തും സാഘോഷം ചുമന്നു നടക്കാറില്ല. ഒരു ഹോളിവുഡ് നടനും സംവിധായകനും മഹാൻമാരായി ഭാവിച്ച് നടന്നിട്ടില്ല. ഉണ്ടങ്കിൽ തന്നെ അവർ എല്ലാം വ്യക്തി ജീവിതത്തിൽ ഇപ്പോൾ ചർച്ച ചെയ്യുന്ന തരം പീറത്തരം സ്ഥിരം പരിപാടിയാക്കിയവരുമല്ല.
സിനിമ എന്നത് ഒരു എൻ്റർടെയ്ൻമെൻ്റ് മാത്രമാണ്. കലയുടെ ചില അംശങ്ങൾ മാത്രം അടിസ്ഥാനമാക്കി വ്യവസായവൽക്കരിക്കപ്പെട്ട ഒരു മേഖല. അവിടെ പല തട്ടിൽ തൊഴിൽ ചെയ്യുന്നവരുണ്ട്. സെറ്റിൽ ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നവർ മുതൽ തുടങ്ങുന്ന വ്യവസായം. അതിൻ്റെ ഉന്നത ശ്രേണിയിലെത്തിയ താരങ്ങൾക്ക് ചുറ്റും കറങ്ങുന്ന കുറേ സംവിധായകരും നിർമാതാക്കളും, വിതരണക്കാരും പ്രദർശകരും കുറച്ച് സാങ്കേതിക വിദഗ്ധരും ആണ് ഈ മേഖലയെ നിയന്ത്രിക്കുന്നത്. ഇതിൽ കേരളത്തിലെ സ്ഥിതി പറഞ്ഞാൽ പൊളിറ്റിക്സും മതവും വർഗീയതയും ജാതിയും കള്ളപ്പണക്കാരും കള്ളക്കടത്തുകാരും ഒക്കെ അതിൻ്റേതായ എല്ലാ തരികിടകളും കളിക്കുന്നുണ്ട്. ഇവരെയെല്ലാം നിയന്ത്രിക്കുന്ന സാമ്പത്തിക അധോലോകം വേറേയാണ്. മത വർഗ്ഗീയ തീവ്രവാദ പ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും കള്ളക്കടത്തുകൾക്കും മറയായി സിനിമയെ ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസികൾ ഇപ്പോൾ സിനിമാ മേഖലയിൽ പരിശോധന നടത്തി വരികയാണ്. വില കൂടിയ കാറുകൾ, പുത്തൻ പുതിയ ക്യാമറകൾ, ഫോണുകൾ തുടങ്ങി ആഡംബര വീടുകൾ, നൗകകൾ, വ്യാപാര ശൃംഘലകൾ എന്നിവയും പുറത്തറിയാത്ത നികുതി തട്ടിപ്പു വരെ ഈ മേഖലയ്ക്ക് ചുറ്റും ഉണ്ട്. ഇതിലൊക്കെ ഭ്രമിച്ച് സിനിമാക്കാരാകാൻ തയാറെടുത്ത് നടപ്പാണ് കേരളത്തിലെ ചെറുപ്പക്കാർ. '
പണ്ട് തമിഴ്നാട്ടിലെ കോടമ്പാക്കമായിരുന്നു സിനിമാക്കാരുടെ കേന്ദ്രം. അവിടെ ഗതി കിട്ടാത്ത സിനിമാ മോഹികൾ കൂട്ടിക്കൊടുപ്പുകാരായും നടികൾ കൂട്ടുകിടപ്പുകാരായും ജീവിച്ചതിൻ്റെ ദുരന്ത കഥകൾ ലക്ഷക്കണക്കിനുണ്ട്. താരാരാധന മൂത്ത തമിഴൻ നടികൾക്ക് ക്ഷേത്രം പണിയുകയും നടൻമാർക്ക് അധികാരസിംഹാസനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ നോക്കി മലയാളികൾ അന്ന് തമിഴനെ പരിഹസിച്ചു, പുച്ഛിച്ചു ചിരിച്ചു. എന്നാൽ ഇന്ന് തമിഴൻ താരാരാധനയിൽ പിന്നിലാണ്. വ്യക്തിത്വം വ്യക്തതയുള്ള ദളപതി വിജയ് യെ പോലെ ഏതാനും ചില നടൻമാരെ ആരാധിക്കാറുണ്ട് എന്ന തൊഴിച്ചാൽ പൊതു സമൂഹത്തിൽ ഒരു സ്വാധീനവും ചെലുത്താൻ മറ്റ് സിനിമാക്കാർക്ക് കഴിയുന്നില്ല. ഉദാഹരണം നിരവധിയാണ്. രാഷ്ട്രീയത്തിലിറങ്ങിയ ഉലകനായകൻ്റ സിനിമയും പാർട്ടിയും പൊളിഞ്ഞത് സമീപകാലത്താണ്. നാട് ഭരിക്കാൻ ബി ജെ പി പിന്തുണയോടെ വേദിയിലെത്താൻ ശ്രമിച്ച രജനീകാന്ത് ഭയന്ന് പിൻമാറിക്കളഞ്ഞു. ഭരണ മേഖലയിൽ സിനിമാക്കാർ ഇല്ലാത്ത തമിഴ്നാട് അതിവേഗം വികസന പാതയിൽ മുന്നേറുന്നു. ഇന്ത്യൻ വിപണിയെ കീഴടക്കുകയാണ് തമിഴർ. ആ തമിഴർ വലിച്ചെറിഞ്ഞ താരാരാധനയെ വാരിവലിച്ചു ചുറ്റി പുതച്ചു നിൽപ്പാണ് പരിഷ്കൃത മലയാളികൾ. വല്ലാത്ത പഹയന്മാര് തന്നെ.
കേരളത്തിലെ സിനിമാ സംസ്കാരത്തിൻ്റെ സ്ഥിതി നോക്കാം. ചിലർ രാഷ്ട്രീയം വളർത്താൻ സിനിമയെ ഉപയോഗിക്കുന്നു. കോൺഗ്രസുകാരെ പരിഹസിക്കും വിധം കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഇടതുപക്ഷത്തെ വളർത്താൻ കുനിഞ്ഞു നിന്നു കൊടുക്കുന്നവരാണ് മലയാള സിനിമക്കാരിൽ 80 ശതമാനവും. ഞാൻ എസ്എഫ്ഐക്കാരനായിരുന്നെടാ എന്ന് കൂവുന്നവരെ നോക്കി വെല്ലുവിളിച്ച ഒരുത്തൻ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന് ബംഗാളി സഖാത്തിയായ നടിയോട് അപമര്യാദ കാട്ടിയതിൻ്റെ വിപ്ലവം നടക്കുന്നുണ്ടിപ്പോൾ. മറ്റുള്ളവരിൽ അവിഹിതം അടിച്ചേൽപ്പിച്ച് കഥയും തിരക്കഥയും സംവിധാനവും അഭിനയവും നടത്തിയവനും നടത്തിയവളും ഒക്കെ ഇന്ന് ഉടുതുണിക്ക് പകരം ചേമ്പില തിരയുന്ന കാലമായിരിക്കുന്നു.രാഷ്ട്രീയ പക്ഷാഘാതത്തിനൊപ്പം മതപക്ഷാഘാതവും സമം ചേർത്ത് വിതറി ഹിറ്റുകൾ സൃഷ്ടിച്ച് നടക്കുന്നരൊക്കെ തുണിയഴിച്ചതിൻ്റെ ദിവസ കഥ കണക്ക് കൂട്ടി തുണിയഴിച്ച് നിൽപ്പാണ്. മയക്കുമരുന്ന് പാർട്ടി നടത്തിയതിന് പിടിയിലായ 'ഒരുത്തൻ താരക്കുപ്പായമിട്ടതിൻ്റെ ധാർഷ്ട്യത്തിൻ ചാനലുകളിൽ വന്നിരുന്ന് പുലഭ്യം പറയുന്നത് നിങ്ങൾ കാണാറില്ലേ? എക്കാലത്തും കലയെ കലയായി മാത്രം കണ്ട് ആസ്വദിച്ചിരുന്ന കോൺഗ്രസിനെയും കൃസ്ത്യൻ സഭകളേയും അവരുടെ അഭിമാത്തെ ചോദ്യം ചെയ്തിറക്കിയ സിനിമകൾ എത്രയാണ്. കലകലയ്ക്ക് വേണ്ടി എന്ന് വിദേശ സിനിമകൾ വ്യവസായവൽക്കരിച്ചപ്പോൾ കല പ്രബോധനത്തിന് വേണ്ടി എന്ന മഹത്വം ഏറ്റെടുത്ത് അതിൻ്റെ മറവിൽ രാഷ്ട്രീയ എടുക്കാ ചരക്കുകൾക്ക് വേണ്ടി പ്രചാരണം നടത്തുകയും മതകീയ പക്ഷപാതം മുതലാക്കി മതേതരത്വത്തെ കുത്തി മുറിവേൽപ്പിച്ച് അശുദ്ധരെ വിശുദ്ധരാക്കാൻ സിനിമയെ ഉപയോഗിച്ചവരാണ് ബഹുഭൂരിപക്ഷവും. സത്യം മനസ്സിലാക്കിയാൽ മനുഷ്യത്വമുള്ളവർ ചവിട്ടി കൂട്ടി കാനയിലിടുന്ന ചില രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും മതകീയ സംസ്കാരങ്ങളെയും മഹത്വവൽക്കരിച്ച് പ്രചരിപ്പിക്കാൻ വേണ്ടി ജീവിക്കുന്ന വെറും വൃത്തികെട്ടവൻമാർക്ക് വിളയാടാൻ പറ്റിയ മേഖലയായി മലയാളം സിനിമ മേഖല മാറിയിരിക്കുന്നു. സത്യനേശനും അബ്ദുൾ ഖാദറും ( നസീർ ) കൃഷ്ണൻ നായരും (ജയൻ) മധുവും ഉമ്മറും ജോസ് പ്രകാശും കൊട്ടാരക്കരയും പിജെ ആൻ്റണിയും ജെ.സി.ഡാനിയലും പി ഭാസ്കരനും കുഞ്ചാക്കോയുടെ ഉദയയും മിസ് കുമാരിയും ശാരദയും സുകുമാരിയും ഒക്കെ ഒന്നിച്ചു വളർത്തിയ മലയാള സിനിമയാണ് ഇപ്പോൾ അഴിഞ്ഞ ഉടയാടകളുടെ ചരടിൽ കിടന്നാടുന്നത്. ഷക്കീലയുടെ സിനിമകളേ സാംസ്കാരികമായി വിലയിരുത്തിയ പല സിനിമാ പ്രമാണിമാരും ഇന്ന് ഷക്കീലമാരെ സൃഷ്ടിച്ചതിൻ്റെ പുളകത്തെ യോർത്ത് ഇന്ന് തലയിൽ മുണ്ടിട്ട് ഇരുട്ടത്ത് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. എന്നിട്ടും ഇവർക്കൊക്കെ ആരാധകർ ഉണ്ടെന്ന കോമഡിയാണ് കോമഡി.
ആരാണീ തറ താരാരാധന നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടെത്തിച്ചത്? ആരാണ് ആ അലവലാതി സംസ്കാരികതയെ കുടുംബത്ത് കയറ്റിയത്?
ഉത്തരം ഒന്നു മാത്രം. മലയാളത്തിലെ മാധ്യമങ്ങൾ. അത് പ്രിൻ്റഡ് മാധ്യമങ്ങളല്ല. ഇവിടുത്തെ ടി വി ചാനലുകാരും, ഇപ്പോൾ സോഷ്യൽ മീഡിയയിലെ മാധ്യമങ്ങളുമാണ് സിനിമ കൊട്ടകയിൽ അവസാനിക്കേണ്ട വളിപ്പുകളെ എടുത്ത് കുടുംബത്തിൻ്റെ കിടപ്പുമുറിയിലേക്ക് കയറ്റി വിടുന്നത്. ചാനൽ റേറ്റിംഗ് കൂട്ടാൻ നടീനടൻമാരുടെ നിതംബം കുലുക്കി പരിപാടികൾ സ്ഥിരം സംഘടിപ്പിക്കുന്ന തിരക്കിലാണ് കേരളത്തിലെ മാധ്യമങ്ങൾ. ഈ കുലുക്കലുകൾക്കൊപ്പം കോടികളാണ് വെളുത്ത ചിരിയോടെ കുലുങ്ങുക. ബിഗ് ബോസ് പോലെയുള്ള തറ പരിപാടികൾക്ക് വരെ പണം വലിച്ചെറിയുന്നതെന്തിനാണ്? ആരാണത് ചെയ്യുന്നത്? സംശയം വേണ്ട, കതകിൽ 24 മണിക്കൂറും മുട്ടാനും തുറന്നാൽ മുട്ടിയുരുമ്മാനും വേണ്ടി തന്നെയാണ് പല പരിപാടികളും സംഘടിപ്പിക്കുന്നത്. ആരൊക്കെ മുട്ടിയെന്നും ആരെയൊക്കെ മുട്ടിയുരുമ്മിയെന്നും അനുഭൂതർ വീരസ്യം പറയുമ്പോൾ അറിയാം. താരാരധന വളർത്തുന്നതിൽ ദൃശ്യമാധ്യമങ്ങൾ വഹിച്ച പങ്ക് ഏറ്റവും മുഴുത്തതാണ്. ഒരുളുപ്പും മാനവും ഇല്ലാത്ത കോവാലകൃഷ്ണൻ മാരെയൊക്കെ എസി സ്റ്റുഡിയോയിലും ഔട്ട് ഡോർ ലൊക്കേഷനുകളിലും പിന്നാലേ നടന്ന് ഇൻ്റർവ്യൂ ചെയ്തും ബൈറ്റ് വാങ്ങിയും പ്രക്ഷേപണം ചെയ്ത് റേറ്റിംഗും പണവും ഉണ്ടാക്കിയ മാധ്യമങ്ങൾ കുറ്റവാളികളാണ്. നമ്മുടെ തലമുറ രക്ഷപ്പെടണമെങ്കിൽ ആദ്യം ഇത്തരം മാധ്യമങ്ങളെ കൂടി ഒന്ന് ഒഴിവാക്കേണ്ടതുണ്ട്.
ലൈംഗികതയുടെ ആർഭാടം തുറന്നു നടക്കുന്ന നടികളുടെയും സ്റ്റൈൽ മന്നൻമാരായ കോമാളികളുടെയും പ്രൊഫൈൽ തപ്പിയാൽ ആനക്കൊമ്പ് മുതൽ പോണ്ടിച്ചേരി വണ്ടി മുതൽ, കൊച്ചിപ്പട്ടണത്തിൽ ഉടു തുണിയില്ലാതോടിയ സ്ട്രീക്കിങ്ങ് കഥകൾ വരെ ചരിത്രമായി വായിക്കാവുന്നതാണ്. കഥാപാത്രത്തെ ഉൾക്കൊണ്ട് തുറന്നഭിനയിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ എന്തോ മേൻമയാണെന്ന് കരുതിമുട്ടി നിൽപ്പാണ് കേരളത്തിലെ സുന്ദരികളും സുന്ദരൻ മാരും. ഇവറ്റകളുടെ സംസ്കാരവും രാഷ്ട്രീയവും മതവും ചികഞ്ഞാൽ എത്തിച്ചെല്ലുന്നത് ഒരേ താവഴിതരവഴികളിലേക്ക് മാത്രമായിരിക്കും. അത്തരം താവഴികളിൽ നിന്ന് വരുന്നവർ ഈ തരം സിനിമാലോകത്തേ എത്തൂ എന്നുറപ്പാണ്. ഓരോ താരൻ്റെയും താരിയുടേയും രാഷ്ട്രീയം നോക്കൂ..... മതം നോക്കൂ..... സ്വഭാവവും നോക്കൂ, ആർക്കും കാര്യം വ്യക്തമായിരിക്കും.
കലയും സഹിത്യവും കായിക വിനോദങ്ങളും ഒക്കെ ആസ്വാദനത്തിലും സമാധാനപരമാജീവിതം ഒരുക്കുന്നതിനും ശുഭ ചിന്തകൾ പരത്തുന്നതുമായിരിക്കണം. അത് വിപണനം ചെയ്ത് ജീവിച്ചിരുന്നവർ എല്ലാ സംസ്കാരത്തിലും എല്ലാക്കാലത്തും ഉണ്ട്. മറ്റൊരുവൻ്റെ വികാരങ്ങളെ വിറ്റ് അല്ല കലയെ വളർത്തേണ്ടത്. സ്വന്തം സന്തോഷവും സമാധാനവും സമൂഹത്തിന് കൈമാറിയാകണം കലവളർത്തേണ്ടത്. അവിടെ സ്വയം ജീവിത ചിലവ് കണ്ടെത്തുന്നത് സാംസ്കാരികത തന്നെയാണ്. എന്ന് വച്ച് ബിനാമി പേരിൽ പണമിറക്കി സാമൂഹിക വിരുദ്ധത തൊഴിലാക്കി കലയുടെ മാന്യത നശിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. സാധിക്കും. പക്ഷെ ഈ സർക്കാരിന് അതിന് കഴിയില്ല. അതിനുള്ള ആർജവമോ ആദർശമോ നിലാവാരമോ ഇല്ലന്ന് സാംസ്കാരിക മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ തെളിയിക്കുന്നുണ്ട്. പിന്നെ ചുമ്മാ ശുഭപ്രതീക്ഷ വയ്ക്കാം. ജനത്തിന് ഒരു നിമിഷം സാംസ്കാരികത തോന്നിയാൽ തീരുന്ന പ്രശ്നങ്ങളേ ഇപ്പോൾ ഉള്ളൂ... കാത്തിരുന്ന് കണ്ടാസ്വദിക്കാം...
(അവസാനിച്ചു)
/ കെ.കെ.വൈശമ്പായനൻ/
Why are they here?